ഒരിടത്തൊരു രാജാവിന് അതിക്രൂരന്മാരായ പത്തു പട്ടികളുണ്ടായിരുന്നു.നിസ്സാരമായ തെറ്റുകള്‍ ചെയ്ത ആളുകളെപ്പോലും പട്ടികള്ക്കിട്ടു കൊടുത്ത് പീഡിപ്പിച്ചു കൊല്ലുക രാജാവിന്റെ വിനോദമായിരുന്നു.
ഒരിക്കല്‍ രാജാവിന്റെ പ്രിയങ്കരനായ മന്ത്രി നല്കിയ ഒരുപദേശം രാജാവിന് അഹിതകരമായി ഭവിച്ചു. കോപിഷ്ടനായ രാജാവ് മന്ത്രിയെ പട്ടികള്ക്കെറിഞ്ഞു കൊടുക്കാന്‍ ഉത്തരവിട്ടു.
ഭയന്നുവിറച്ച മന്ത്രി പറഞ്ഞു – “കഴിഞ്ഞ പത്തുവര്ഷങ്ങള് അങ്ങയെ സേവിച്ച എനിക്ക് കേവലം ഒരു നിസ്സാരതെറ്റിന്റെ പേരിലാണോ അങ്ങ് ഇത്ര ക്രൂരമായ ശിക്ഷ വിധിക്കുന്നത് ? ശിക്ഷാവിധി പത്തുദിവസത്തേക്ക് നീട്ടി വെക്കാനെങ്കിലും ദയവുണ്ടാകണം”
രാജാവ് മന്ത്രിയുടെ അപേക്ഷ അംഗീകരിച്ചു.
മന്ത്രി നേരെ പോയത് പട്ടികളെ സൂക്ഷിക്കുന്നയാളുടെ അടുത്തേക്കാണ്. അയാള്‍ക്ക് കൈക്കൂലി കൊടുത്ത് മന്ത്രി അടുത്ത പത്തു ദിവസം പട്ടികളെ ശുശ്രൂഷിക്കാനുള്ള അനുവാദം നേടി.
പത്തു ദിവസം മന്ത്രി പട്ടികള്‍ക്ക് ഭക്ഷണം നല്കി, കൂടു വൃത്തിയാക്കി, അവയെ കുളിപ്പിച്ചു, സാദ്ധ്യമായ എല്ലാ സുഖസൌകര്യങ്ങളും അവയ്ക്ക് നല്കി പരിപാലിച്ചു.
അങ്ങനെ ശിക്ഷ നടപ്പിലാക്കുന്ന ദിവസമായി.
രാജാവിന്റെ ആജ്ഞപ്രകാരം രാജഭടന്മാര് മന്ത്രിയെ പട്ടികള്ക്കെറിഞ്ഞു കൊടുത്തു.
പക്ഷെ ,മന്ത്രിയെ പട്ടികള്‍ കടിച്ചു കീറുന്നത് പ്രതീക്ഷിച്ചു നിന്ന രാജാവിനെയും പ്രജകളെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പട്ടികള്‍ മന്ത്രിയുടെ കാലില്‍ നക്കി വാലാട്ടി നന്ദി കാണിച്ചു കൊണ്ട് നിന്നു.
“എന്റെ പട്ടികള്ക്കെന്തു പറ്റി ?” രാജാവ് അലറി.
“വെറും പത്തു ദിവസം തങ്ങളെ സേവിച്ച എന്നെ ഈ പട്ടികള്‍ മറന്നില്ല. എന്നാല്‍ നീണ്ട പത്തുവര്ഷങ്ങള് സേവിച്ച എന്നെ കേവലം ഒരു ചെറിയ തെറ്റിന്റെ പേരില്‍ അങ്ങ് മറന്നു കളഞ്ഞു” – മന്ത്രി പറഞ്ഞു.
രാജാവിന് തന്റെ തെറ്റു മനസ്സിലായി. അദ്ദേഹം പട്ടികള്‍ക്ക് പകരം ശിക്ഷ നടപ്പിലാക്കുവാന്‍ ചെന്നായ്ക്കളെ ഏര്‍പ്പാട് ചെയ്തു !
ഗുണപാഠം : മാനേജ്മെന്റ് തീരുമാനിച്ചാല്‍ തീരുമാനിച്ചതാണ്. തെറ്റ് പറ്റിയത് അവര്‍ക്കാണെങ്കിലും നിങ്ങള്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും