Site icon Jokes To Text

How much wealth required for one..

ജീവിതം സുഖപ്രദമായിത്തീരാന്‍ ഒരാള്‍ക്ക് എത്ര സമ്പത്ത് വേണമെന്ന് ഒരിക്കല്‍ ഒരു ശിഷ്യന്‍ തന്റെ ഗുരുവിനോട് ചോദിക്കുകയുണ്ടായത്രെ.

ഗുരു പക്ഷേ, മറുപടിയൊന്നും പറഞ്ഞില്ല.

പകരം വീട്ടറയില്‍ ചെന്ന് ഒരു സഞ്ചിയില്‍ അല്‍പം കോഴിമുട്ടയുമായി വന്നു.

അതില്‍നിന്ന് ഒന്നെടുത്ത് അവനു കൊടുത്തു. അവനത് സന്തോഷത്തോടെ വാങ്ങി.

ഉടനെ രണ്ടാമതൊന്നുകൂടി കൊടുത്തു. അതും പ്രയാസമേതുമില്ലാതെ സ്വീകരിച്ചു.

മൂന്നാമതൊന്നുകൂടി കൊടുത്തപ്പോള്‍ അതും വാങ്ങി.

നാലാമത്തേതും വാങ്ങാതിരുന്നില്ല.

പക്ഷേ, അഞ്ചാമതും കൊടുത്തപ്പോള്‍ അവന്‍ പ്രയാസപ്പെട്ടു.

മുട്ട എങ്ങനെ വാങ്ങണമെന്നറിയാതെ കുഴങ്ങി. ഒടുവില്‍ ഇരുകൈകളും ചേര്‍ത്തിവച്ച് എങ്ങനെയോ അതു വാങ്ങി.

ഗുരു അവിടെയും നിര്‍ത്തിയില്ല. ആറാമതൊന്നുകൂടി കൊടുത്തു. അപ്പോള്‍ വെപ്രാളപ്പെട്ട് അവന്‍ പറഞ്ഞു:

”നിര്‍ത്തൂ ഗുരുജീ, നിര്‍ത്തൂ. ഇതെല്ലാംകൂടി എന്റെ കൈയില്‍നിന്ന് ഇപ്പോള്‍ വീണുടഞ്ഞുപോകും..”

ശിഷ്യന്റെ ഈ വെപ്രാളം കണ്ടപ്പോള്‍ ഗുരു ഒന്ന് പുഞ്ചിരിച്ചിട്ടു പറഞ്ഞു:

”ആദ്യത്തെ നാലു മുട്ടകള്‍ നീ സസന്തോഷം സ്വീകരിച്ചു.

കാരണം, അവ നിന്റെ കൈകളിലൊതുങ്ങുന്നവയായിരുന്നു.

എന്നാല്‍ അഞ്ചാമത്തേതും ആറാമത്തേതും തന്നപ്പോള്‍ നീ അസ്വസ്ഥനായി.

കാരണം, നിനക്കവ താങ്ങാന്‍ കഴിയാത്തവയായിരുന്നു.

ഇതാണ് ജീവിതത്തില്‍ സമ്പത്തിന്റെ കാര്യവും.

സമ്പത്ത് മിതമായാല്‍ ജീവിതം സുഖപ്രദമാകും.

അമിതമായാല്‍ ദുഃഖപൂര്‍ണവുമാകും.

അതിനാല്‍ ആവശ്യത്തിനു മാത്രം സമ്പാദിക്കുക. ബാക്കി സമയം ജീവിക്കാന്‍ നോക്കുക.”

Exit mobile version