ഒരിടത്ത് സഹോദരങ്ങളായ രണ്ട് വികൃതിക്കുട്ടന്മാര്‍ ഉണ്ടായിരുന്നു. ഒരാള്‍ക്ക് 7 ഉം മറ്റേയാള്‍ക്ക് 9 ഉം വയസ്.
ആ നാട്ടില്‍ എന്തെങ്കിലും തരികിടകള്‍ ഉണ്ടായാല്‍ ഇവന്മാരുടെ കൈയുണ്ടെന്ന് ഉറപ്പ്. നാട്ടുകാരുടെ പരാതികൊണ്ട് അവരുടെ അമ്മയ്ക്ക് ഇരിയ്ക്കപ്പൊറുതിയില്ലാതായി. അവസാനം അവരെ നന്നാക്കാനായി അടുത്തുള്ള പള്ളിയിലെ വികാരിഅച്ചനെ കാണിയ്ക്കാമെന്നു വിചാരിച്ചു.
പുതുതായി വന്ന വികാരിയച്ചന്‍ പോട്ടയില്‍ ധ്യാനക്ലാസ്സൊക്കെ എടുക്കുന്ന ആളാണ്. അമ്മ കാര്യങ്ങളെല്ലാം പറഞ്ഞു. കുട്ടികളെ ഒറ്റയ്ക്കൊറ്റയ്ക്ക് പറഞ്ഞു വിടാന്‍ അച്ചന്‍ നിര്‍ദേശിച്ചു.
അച്ചന്റെ മുറിയിലെയ്ക്ക് ആദ്യം ഇളയവനാണ് പോയത്. അച്ചനെ കണ്ടപ്പോള്‍ തന്നെ അവന്‍ ഞെട്ടി. ഒരു ഭീമാകാരന്‍.
“ഇരിയ്ക്കെടാ മുട്ടുകുത്തി..” അച്ചന്റെ ഒച്ച കൂടി കേട്ടതോടെ അവനാകെ ഭയന്നു.
“ദൈവം എവിടെയാണ്? പറയെടാ..”
കുട്ടി ഒന്നും മിണ്ടിയില്ല.
“പറ..ദൈവം എവിടെ?” അച്ചന്റെ ഒച്ച ഉയര്‍ന്നു.
അടുത്ത നിമിഷം അവന്‍ എഴുനേറ്റ് ഒറ്റ ഓട്ടം വെച്ചുകൊടുത്തു. ഇളയവന്‍ ഓടുന്നതു കണ്ട് മൂത്തവനും കൂടെ ഓടി. വീട്ടിലെത്തിയിട്ടാണ് രണ്ടുപേരും നിന്നത്.
“എന്താടാ ഓടിയത്?” മൂത്തവന്‍ ചോദിച്ചു.
“ഇത്തവണ നമ്മളു പെട്ടെടാ….” ഇളയവന്‍ അണച്ചുകൊണ്ടു പറഞ്ഞു.”പള്ളിയിലെ ദൈവത്തിനെ കാണാനില്ല… നമ്മള്‍ എടുത്തെന്നാ അച്ചന്‍ പറയുന്നത്..“
???